This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ഷകപ്രസ്ഥാനം, കേരളത്തിലെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കര്‍ഷകപ്രസ്ഥാനം, കേരളത്തിലെ

ഇന്ത്യയുടെ സാമൂഹികചരിത്രത്തില്‍ കര്‍ഷകപ്രസ്ഥാനമെന്ന സംജ്ഞയ്‌ക്ക്‌ വ്യാപകമായ അര്‍ഥവ്യാപ്‌തിയുണ്ട്‌. ജന്‌മിനാടുവാഴിത്ത (ഫ്യൂഡല്‍) വ്യവസ്ഥയ്‌ക്കെതിരായുള്ള സമരം, കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്കു വേണ്ടിയുള്ള സമരം, ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരായ സമരം എന്നിവയൊക്കെ കര്‍ഷകപ്രസ്ഥാനത്തിന്റെ ഭാഗമാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യാധിപത്യത്തില്‍ നിന്ന്‌ മോചനം നേടാനുള്ള സമരവും സാമൂഹികജീവിതത്തിന്റെ സമഗ്രമായ ജനാധിപത്യവത്‌കരണത്തിനും സാംസ്‌കാരിക നവോത്ഥാനത്തിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളും ഇതിലുള്‍പ്പെടുന്നു.

കര്‍ഷകപ്രസ്ഥാന ചരിത്രം

പത്തൊന്‍പതാം നൂറ്റാണ്ടില്‍

18-ാം ശ.ത്തിന്റെ അവസാനത്തെയും 19-ാം ശ.ത്തിന്റെ ആദ്യത്തെയും ദശകങ്ങളിലാണ്‌ കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം ഉടലെടുത്തത്‌. അന്ന്‌ ജന്മി നാടുവാഴിത്തവ്യവസ്ഥയുടെ ഭാഗമായി കേരളത്തില്‍ അടിമത്തവും അടിയായ്‌മയും സാര്‍വത്രികമായി നിലവിലുണ്ടായിരുന്നു. രാജകുടുംബങ്ങളും ബ്രാഹ്മണരും നാടുവാഴി പ്രഭുക്കളും ദേവസ്വങ്ങളുമായിരുന്നു ജന്മികള്‍. അടിമകളും അടിയാളരും (കുടിയാന്മാര്‍) ആണ്‌ ഭൂമിയില്‍ അധ്വാനിച്ചിരുന്നത്‌. അടിമയെ തല്ലാനും കൊല്ലാനും വില്‌ക്കാനുമെല്ലാം ഉടമയായ ജന്മിക്ക്‌ അവകാശമുണ്ടായിരുന്നു. അക്കാലത്തെ അടിമപ്പണയോലക്കരണങ്ങളും ആളൊറ്റിയോലക്കരണങ്ങളും ആള്‍ വിലയോലക്കരണങ്ങളും ഇതിന്‌ തെളിവാണ്‌. ജന്മിയുടെ ഭൂമിയില്‍ സൗജന്യമായി എല്ലാ ജോലിയും ചെയ്‌തുകൊടുത്തതിനുശേഷമേ സ്വന്തം ഭൂമിയില്‍ പണിയെടുക്കാന്‍ അടിയാളര്‍ക്ക്‌ അവകാശമുണ്ടായിരുന്നുള്ളു. സ്വന്തം ഭൂമിയില്‍ പണിയെടുക്കുന്നതിന്‌ ജന്മിക്ക്‌ പാട്ടം കൊടുക്കുകയും വേണം. കൃഷിക്കാരെക്കൊണ്ട്‌ ഇങ്ങനെ സൗജന്യമായി പണിയെടുപ്പിക്കുന്നതിന്‌ വടക്കേ മലബാറില്‍ "ചിറ്റാരി'യെന്നും തിരുവിതാംകൂറില്‍ "ഊഴിയവേല'യെന്നുമാണ്‌ പറഞ്ഞിരുന്നത്‌. തിരുവിതാംകൂറില്‍ പല പൊതുമരാമത്തുപണികളും കുടിയാന്മാരെക്കൊണ്ട്‌ സൗജന്യമായി ചെയ്യിക്കാറുണ്ടായിരുന്നു.

വിളവിന്റെ ആറിലൊന്ന്‌ ജന്മിക്ക്‌ പാട്ടമായോ വാരമായോ നല്‌കണമെന്നായിരുന്നു കണക്കെങ്കിലും വിളവിന്റെ മൂന്നിലൊരുഭാഗം വരെ പാട്ടമായി പിരിക്കാറുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണവും അതിന്റെ മാതൃകയിലുള്ള നാട്ടുരാജ്യഭരണവും വന്നതോടെ, ജന്മികള്‍ക്ക്‌ ഭൂമിയില്‍ അനിയന്ത്രിതമായ ഉടമാവകാശം കിട്ടി. അവര്‍ക്ക്‌ യഥേഷ്ടം കുടിയാന്മാരെ ഒഴിപ്പിക്കുകയും പാട്ടം കൂട്ടുകയും ചെയ്യാമെന്നായി. അതോടെ പാട്ടം വിളവിന്റെ 60-ം 70-ം ശ.മാ. ആയി വര്‍ധിച്ചു. ഇതിനും പുറമേ മറ്റു പല പിരിവുകളും കുടിയാന്മാര്‍ ജന്മികള്‍ക്ക്‌ കൊടുക്കേണ്ടതുണ്ടായിരുന്നു.

സായുധകലാപങ്ങള്‍

ആദ്യഘട്ടത്തില്‍ കേരളത്തിലുടനീളം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ ആക്രമണ നടപടിക്കെതിരായി കലാപത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയത്‌ ജന്മിനാടുവാഴികളുടെ പ്രതിനിധികളായ പഴശ്ശിരാജാവും വേലുത്തമ്പിദളവയും പാലിയത്തച്ചനുമായിരുന്നു. അവരുടെ പിന്നിലണിനിരന്ന യഥാര്‍ഥശക്തി കൃഷിക്കാരായിരുന്നുവെന്നു കാണാം. ബ്രിട്ടീഷാധിപത്യത്തെ ഈ ഘട്ടത്തിലെതിര്‍ത്തില്ലെങ്കില്‍, "ഉപ്പു വരെയുള്ള എല്ലാ സാധനങ്ങളും അവരുടെ കുത്തകയാക്കും; ഓരോ തുണ്ടു ഭൂമിയും ഓരോ പുരയിടവും അളന്ന്‌ അമിതമായ ഭൂനികുതി, നാളികേരനികുതി മുതലായവ പിരിക്കും'. ഇതായിരുന്നു വേലുത്തമ്പിയുടെ ചരിത്രപ്രസിദ്ധമായ കുണ്ടറവിളംബരത്തിന്റെ കാതല്‍.

കൃത്രിമമായ കണക്കുകളുണ്ടാക്കി, യഥാര്‍ഥത്തിലുള്ള വിളവിനെക്കാള്‍ എത്രയോ കൂടുതല്‍ വിളവുണ്ടെന്ന്‌ കാണിച്ച്‌, ഇല്ലാത്ത വിളവിനും നികുതി കൊടുക്കേണ്ടാത്തവര്‍ക്കും, നികുതി ചുമത്തിയ ബ്രിട്ടീഷ്‌ കമ്പനിയുദ്യോഗസ്ഥന്മാരുടെ അനീതിയില്‍ അസംതൃപ്‌തരും ക്ഷുഭിതരുമായ ഉത്തരകേരളത്തിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളുമായ കൃഷിക്കാരാണ്‌ പഴശ്ശിരാജാവിന്റെ പിന്നിലണിനിരന്നത്‌.

1805 ന. 30നു പഴശ്ശിരാജാവ്‌ കമ്പനിയുടെ പട്ടാളവുമായി പൊരുതി മരിച്ചു. 1809 ഫെ.ല്‍ ശത്രുവിനു കീഴടങ്ങാന്‍ കൂട്ടാക്കാതെ വേലുത്തമ്പി ആത്മഹത്യ ചെയ്‌തു. അക്കൊല്ലംതന്നെ പാലിയത്തച്ചനെ മദ്രാസിലേക്കു നാടുകടത്തി. എങ്കിലും കൃഷിക്കാര്‍ ആയുധം വച്ചു കീഴടങ്ങിയില്ല. 1811ല്‍ വയനാടന്‍ മലകളില്‍ കുറിച്യരും കുറുമ്പരും പണമായി നികുതി പിരിക്കാന്‍ തുടങ്ങിയതിനെ എതിര്‍ത്തു കലാപം തുടങ്ങി. കിഴക്കു മൈസൂറില്‍ നിന്നും പടിഞ്ഞാറു കടല്‍ത്തീരത്തു നിന്നും വയനാട്ടിലേക്കു സൈന്യത്തെ കൊണ്ടുവന്നാണ്‌ ബ്രിട്ടീഷുകാര്‍ അവരെ കീഴടക്കിയത്‌. എന്നാല്‍ തെക്കേ മലബാറിലെ മുസ്‌ലിം കൃഷിക്കാര്‍ അവരുടെ എതിര്‍പ്പു തുടര്‍ന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ അതൊരു മാറാത്ത തലവേദനയായിരുന്നു. 1830നും 1900നുമിടയ്‌ക്കു നടന്ന എണ്‍പതോളം "മാപ്പിളലഹളകള്‍' ഉദ്യോഗസ്ഥന്മാരുടെയും ജന്‌മികളുടെയും ആക്രമണങ്ങള്‍ക്കെതിരായിട്ടായിരുന്നു.

19-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ തിരുവിതാംകൂറില്‍ ചേര്‍ത്തല, വൈക്കം, പൂഞ്ഞാര്‍, കുന്നത്തൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും കൃഷിക്കാര്‍ ഒഴിപ്പിക്കലിനെതിരായി പ്രക്ഷോഭം നടത്തിയിരുന്നതായി ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌ മാനുവലില്‍ പരാമര്‍ശമുണ്ട്‌.

കുടിയാന്‍ സംരക്ഷണ നിയമങ്ങള്‍

തിരുവിതാംകൂറില്‍

കൃഷിക്കാരുടെ ഈ പ്രക്ഷോഭങ്ങളോട്‌ മലബാറിലെ ബ്രിട്ടീഷ്‌ ഭരണാധികളെക്കാള്‍ കൂടുതല്‍ വേഗത്തിലും അനുകൂലമായും പ്രതികരിച്ചത്‌ തിരുവിതാംകൂര്‍ ഗവണ്‍മെന്റാണ്‌. 1829ല്‍ മഹാരാജാവിന്റെ ആജ്ഞാനുസാരം സര്‍വാധികാര്യക്കാര്‍ അപ്പീല്‍ കോടതിക്ക്‌ എഴുതിയയച്ച നീട്ടില്‍ അനാവശ്യമായ ഒഴിപ്പിക്കല്‍ അനുവദിക്കരുതെന്ന്‌ നിര്‍ദേശിച്ചു. ഒരു തവണ മിച്ചവാരം കുടിശ്ശിക വരുത്തിയാല്‍ ഉടന്‍ കുടിയാനെ ഒഴിപ്പിക്കാന്‍ പുറപ്പെടരുതെന്നും; മൂന്നാമതൊരാള്‍ കൂടുതല്‍ പാട്ടം കൊടുക്കാന്‍ തയ്യാറാണെന്നതുകൊണ്ടു മാത്രം കുടിയാനെ ഒഴിപ്പിക്കാനുള്ള ജന്മിയുടെ ശ്രമം അനുവദിക്കുന്നത്‌ തെറ്റാണെന്നും ഈ നീട്ടില്‍ വ്യക്തമാക്കിയിരുന്നു.

1865ലെയും 1867ലെയും പാട്ടവിളംബരങ്ങള്‍ വഴി പണ്ടാരവക (സര്‍ക്കാര്‍) ഭൂമി കൈവശംവച്ചനുഭവിക്കുന്ന എല്ലാ കുടിയാന്മാര്‍ക്കും സ്വകാര്യജന്മം ഭൂമികളിലെ കുടിയാന്മാര്‍ക്കും ഭൂമിയില്‍ സ്ഥിരാവകാശം നല്‌കി. ഒഴിപ്പിക്കാനുള്ള നിയമപരമായ കാരണങ്ങളുണ്ടാക്കാന്‍ ജന്മികള്‍ ബോധപൂര്‍വം മിച്ചവാരവും പൊളിച്ചെഴുത്തവകാശവും മറ്റും വാങ്ങാതിരിക്കുകയാണെങ്കില്‍, നിയമപ്രകാരമുള്ള സംഖ്യ കുടിയാന്മാര്‍ കോടതിയില്‍ കെട്ടിവച്ചാല്‍ മതിയെന്ന്‌ 1867ലെ വിളംബരവും 1869ലെ റഗുലേഷനും വ്യവസ്ഥചെയ്‌തു. ജന്മികള്‍ വന്‍തോതില്‍ കൃഷിക്കാരെ ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും കോടതികള്‍ അതിന്‌ കൂട്ടുനില്‌ക്കുകയും ചെയ്‌തുവെന്നും അതിനെതിരായി കുടിയാന്മാര്‍ വ്യാപകമായി പാട്ടനിഷേധത്തിനൊരുങ്ങുകയുണ്ടായെന്നും 1865ലെ വിളംബരത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 1896ലെ ജന്മികുടിയാന്‍ റഗുലേഷന്‍ മുന്‍വിളംബരങ്ങളിലെ വ്യവസ്ഥകളെ വിശദീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്‌തു.

മലബാറില്‍, മാപ്പിളലഹളകളുടെ കാരണങ്ങള്‍ കണ്ടുപിടിച്ച്‌ പരിഹാരം നിര്‍ദേശിക്കാന്‍ ഗവണ്‍മെന്റ്‌ നിയമിച്ച ലോഗന്റെ ശുപാര്‍ശകളനുസരിച്ച്‌ 1887ല്‍ കുഴിക്കൂര്‍ ചമയ(ദേഹണ്ഡ)പ്രതിഫലനിയമം പാസ്സാക്കി. 1900ത്തില്‍ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി. കുടിയാന്മാര്‍ വസ്‌തുവില്‍ ഉണ്ടാക്കിയ കുഴിക്കൂര്‍ ചമയങ്ങളുടെ വില ജന്മിമാര്‍ കൊടുക്കേണ്ടതാണെന്നും അങ്ങനെ ചെയ്യാത്ത കാലത്തോളം വസ്‌തു കൈവശംവച്ച്‌ അനുഭവിക്കാന്‍ കുടിയാന്മാര്‍ക്ക്‌ അവകാശമുണ്ടെന്നും ഈ നിയമം വ്യവസ്ഥ ചെയ്‌തു.

കൊച്ചിയില്‍

1905ല്‍ സെറ്റില്‍മെന്റ്‌ വിളംബരമനുസരിച്ച്‌ കൊച്ചി പ്രദേശത്തെ കുടിയാന്മാര്‍ക്ക്‌ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിരാവകാശവും ഉടമാവകാശവും ലഭിച്ചു. 1915ലെ ജന്മികുടിയാന്‍ റഗുലേഷന്‍ കാണക്കുടിയാന്മാര്‍ക്ക്‌ ഭൂമിയില്‍ സ്ഥിരാവകാശം നല്‌കി.

സാമൂഹികരാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍

ജന്മികളുടെ നേരിട്ടുള്ള സാമ്പത്തിക ചൂഷണത്തിനും മര്‍ദനത്തിനും അക്രമങ്ങള്‍ക്കും എതിരായി മാത്രമായിരുന്നില്ല കൃഷിക്കാര്‍ പ്രക്ഷോഭം നടത്തിയത്‌. സാമൂഹികമായ വിവേചനം അവസാനിപ്പിക്കുന്നതിനും പ്രാഥമികമായ പൗരാവകാശങ്ങള്‍ക്കും പൗരസമത്വത്തിനും വേണ്ടിയുള്ള അവര്‍ണജാതിക്കാരുടെയും അവശസമുദായങ്ങളുടെയും സമരങ്ങള്‍ 19-ാം ശ.ത്തിന്റെ ആദ്യപകുതിയില്‍ തന്നെ പൊട്ടിപ്പുറപ്പെട്ടു. തെക്കന്‍ തിരുവിതാംകൂറിലെ അഞ്ചു താലൂക്കുകളെ പിടിച്ചു കുലുക്കിയ "റൗക്കകലാപം' അതില്‍ മുഖ്യമായ ഒന്നാണ്‌. സവര്‍ണരെപ്പോലെ അവര്‍ണജാതികളില്‍പ്പെട്ട സ്‌ത്രീകള്‍ക്കും മാറുമറയ്‌ക്കാനും ആഭരണങ്ങള്‍ ധരിക്കാനും അവര്‍ണര്‍ക്ക്‌ സ്വന്തം വീടുകള്‍ ഓടുമേയാനുമുള്ള അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു ഈ പ്രക്ഷോഭം.

എ.കെ.ജി നയിക്കുന്ന ആദ്യകാലത്തെ ഒരു കര്‍ഷകജാഥ

ഈ പ്രക്ഷോഭത്തിന്‌ ഫലമുണ്ടായി. ക്രിസ്‌തുമതം സ്വീകരിച്ച ഈഴവസ്‌ത്രീകള്‍ക്ക്‌ മാറു മറയ്‌ക്കാമെന്ന്‌ 1812ലും, എല്ലാ ജാതിക്കാര്‍ക്കും വീടുകള്‍ ഓടുമേയാമെന്ന്‌ 1817ലും, എല്ലാവര്‍ക്കും സ്വര്‍ണാഭരണങ്ങള്‍ ധരിക്കാമെന്ന്‌ 1818ലും വിളംബരങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടു.

19-ാം ശ.ത്തിന്റെ മധ്യം മുതല്‍ സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു. കര്‍ഷക കുടുംബങ്ങളില്‍ നിന്നും പ്രഭു കുടുംബങ്ങളില്‍ നിന്നും വന്ന അഭ്യസ്‌തവിദ്യരായ യുവാക്കളാണ്‌ ഇതിനു നേതൃത്വം നല്‌കിയത്‌. എല്ലാ വിഭാഗങ്ങളിലുംപെട്ട മലയാളികള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസുകളില്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തിരുവിതാംകൂറിലെ "മലയാളി മെമ്മോറിയല്‍' പ്രക്ഷോഭവും (1891) "ഈഴവ മെമ്മോറിയല്‍' പ്രക്ഷോഭവും (1896) ഇക്കൂട്ടത്തില്‍ എടുത്തുപറയത്തക്കവയാണ്‌. "മലയാളി മെമ്മോറിയലി'ല്‍ ഭൂവുടമ ബന്ധങ്ങളുടെ പ്രശ്‌നവും ഉന്നയിച്ചിരുന്നു.

ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെയും ജാതിമേധാവിത്വത്തിന്റെയും അടിത്തറയിളക്കിയ സംഘടിതവും വ്യാപകവുമായ ബഹുജനപ്രസ്ഥാനം ആദ്യമായി ഉടലെടുത്തത്‌ 19-ാം ശ.ന്റെ അവസാനത്തിലും 20-ാം ശ.ത്തിന്റെ തുടക്കത്തിലുമാണ്‌. ഇക്കാലത്താണ്‌ അവശസമുദായങ്ങള്‍ സംഘടിച്ചതും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതും. ഇടത്തരക്കാരും പാവപ്പെട്ടവരുമായ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഈ സംഘടനകളിലൂടെ രംഗത്തുവന്നു. കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം അക്കാലത്ത്‌ സാമൂഹിക പരിഷ്‌കാരങ്ങളുടെയും ജാതിമേധാവിത്വത്തിനെതിരായ സമരത്തിന്റെയും രൂപം കൈക്കൊണ്ടത്‌ സ്വാഭാവികമാണ്‌. ഒന്നാം ലോകയുദ്ധത്തിനുശേഷം കര്‍ഷകപ്രസ്ഥാനത്തിന്റെ സ്വഭാവത്തില്‍ മൗലികമായ മാറ്റം വന്നു. ഈ മാറ്റത്തിന്‌ മുഖ്യകാരണം മഹാത്‌മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയസ്വാതന്ത്യ്രപ്രസ്ഥാനം സാധാരണ ജനങ്ങളിലേക്ക്‌, വിശേഷിച്ചും നാട്ടിന്‍പുറങ്ങളില്‍, ഇറങ്ങിച്ചെല്ലുകയും അവരെ ആകര്‍ഷിക്കുകയും ചെയ്‌ത ഒരു ബഹുജനപ്രസ്ഥാനമായിത്തീര്‍ന്നതാണ്‌. സാമ്രാജ്യവിരുദ്ധസമരത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്‌ മൗലികമായ കാര്‍ഷിക പരിഷ്‌കാരങ്ങള്‍, ഗ്രാമീണകുടില്‍ വ്യവസായങ്ങളുടെ പുനരുദ്ധാരണം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം മുതലായ സാധാരണ കൃഷിക്കാരെ നേരിട്ടു ബാധിക്കുന്നതും ഇന്ത്യന്‍ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുന്നതുമായ പരിപാടികളേറ്റെടുത്തു.

1921ലെ മലബാര്‍ ലഹള. തെക്കേ മലബാറിലെ മാപ്പിള കൃഷിക്കാരുടെ സാമ്രാജ്യവിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ടത്‌ 1921 ആഗ.ലായിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഹിന്ദുമുസ്‌ലിം ഐക്യം കെട്ടിപ്പടുത്തുകൊണ്ട്‌ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ നിസ്സഹകരണപ്രസ്ഥാനവും ഖിലാഫത്ത്‌ പ്രസ്ഥാനവും ആളിക്കത്താന്‍ തുടങ്ങിയതിന്റെ പ്രത്യക്ഷഫലമായിരുന്നു അത്‌. ഉത്തരകേരളത്തിലെങ്ങും കോണ്‍ഗ്രസ്‌ഖിലാഫത്ത്‌ കമ്മിറ്റികള്‍ രൂപംകൊണ്ടു. 1920ല്‍ മഞ്ചേരിയിലും 1921ല്‍ ഒറ്റപ്പാലത്തും ചേര്‍ന്ന രാഷ്‌ട്രീയ സമ്മേളനങ്ങള്‍ രാഷ്‌ട്രീയകാര്യങ്ങളോടൊപ്പം കുടിയാന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌തു.

പത്തുലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്ന മലപ്പുറം, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍ എന്നീ അഞ്ചു റവന്യൂഫര്‍ക്കകളിലെ 200 ഗ്രാമങ്ങളില്‍ വിദേശീയ ഭരണവും ജന്മികളുടെ ആധിപത്യവും ഏതാനും മാസങ്ങളോളം അവസാനിപ്പിക്കാന്‍ കലാപകാരികള്‍ക്കു കഴിഞ്ഞു. ബ്രിട്ടീഷ്‌ പൊലീസിനും പട്ടാളത്തിനുമെതിരായി കൃഷിക്കാര്‍ ആയുധമെടുത്ത്‌ അദ്‌ഭുതാവഹമായ സാമര്‍ഥ്യത്തോടും ധീരതയോടും കൂടി പോരാടി. ആ പ്രദേശങ്ങളിലെ ജനസംഖ്യയില്‍ 40 ശ.മാ.ത്തോളം ഹിന്ദുക്കളായിരുന്നു. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വ്യത്യാസം കൂടാതെ മര്‍ദകരായ ജന്മികളെയും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥന്മാരെയും ഒറ്റുകാരെയുമാണ്‌ കലാപകാരികള്‍ മുഖ്യമായും ആക്രമിച്ചത്‌. നോ: മലബാര്‍ ലഹള

ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ പട്ടാളശക്തിയുപയോഗിച്ച്‌ കലാപം അടിച്ചമര്‍ത്തി. എങ്കിലും ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ ഈ കലാപത്തിന്റെ മൂലകാരണങ്ങളെ അവഗണിക്കാന്‍ കഴിഞ്ഞില്ല. മലബാറിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും കുടിയായ്‌മപ്രശ്‌നം കാര്യമായി പരിഗണിക്കേണ്ടിവന്നു. 1915ല്‍ തന്നെ മലബാറില്‍ ഒരു കുടിയാന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഒഴിപ്പിക്കല്‍ തടയണമെന്നും മര്യാദപ്പാട്ടം നിശ്ചയിക്കണമെന്നും കൃഷിക്കാര്‍ ആവശ്യപ്പെട്ടു. 1919ല്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തെത്തുടര്‍ന്ന്‌ മദ്രാസ്‌ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മലബാറില്‍ നിന്ന്‌ ജന്മികളുടെ സ്ഥാനാര്‍ഥിയെ തോല്‌പിച്ച്‌ കുടിയാന്‍ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥി എം. കൃഷ്‌ണന്‍നായര്‍ ജയിച്ചു. 1924ല്‍ അദ്ദേഹം മദ്രാസ്‌ നിയമസഭയില്‍ അവതരിപ്പിച്ച കുടിയാന്‍ ബില്‍ സഭ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ അത്‌ തള്ളിക്കളഞ്ഞു.

കുടിയാന്മാരുടെ പ്രക്ഷോഭം തുടര്‍ന്നു. 1929ല്‍ മദ്രാസ്‌ നിയമസഭ മലബാര്‍ കുടിയാന്‍ നിയമം പാസ്സാക്കി. നെല്ല്‌, തെങ്ങ്‌, കമുക്‌ എന്നിങ്ങനെ ഓരോതരം കൃഷിചെയ്യുന്ന ഭൂമിക്കും വെവ്വേറെ പാട്ടത്തോത്‌ നിശ്ചയിക്കുകയും ഒഴിപ്പിക്കല്‍ നിയന്ത്രിക്കുകയും പൊളിച്ചെഴുത്തവകാശം നിജപ്പെടുത്തുകയും കുടിയിരുപ്പ്‌ വിലയ്‌ക്കുവാങ്ങാന്‍ കുടിയാന്മാര്‍ക്ക്‌ അവകാശം നല്‌കുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഈ നിയമത്തിലുണ്ടായിരുന്നു. എന്നാല്‍ കൃഷിക്കാരില്‍ ബഹുഭൂരിപക്ഷം വരുന്ന വെറുമ്പാട്ടക്കുടിയാന്മാര്‍ക്ക്‌ ഭൂമിയില്‍ സ്ഥിരാവകാശം നല്‌കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല.

ഇതേ കാലത്താണ്‌ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കര്‍ഷകത്തൊഴിലാളികളുടെ ഒരു പ്രക്ഷോഭം വളര്‍ന്നുവന്നത്‌. 1929ല്‍ ലോകവ്യാപകമായി അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യം കാരണം കടം കൊണ്ട്‌ സ്വന്തം ഭൂമി അന്യാധീനപ്പെട്ട പാവപ്പെട്ട കൃഷിക്കാരുടെ പ്രശ്‌നങ്ങളാണ്‌ ഈ പ്രസ്ഥാനം ഏറ്റെടുത്തത്‌. എറണാകുളത്തുവച്ച്‌ 1928ല്‍ സമസ്‌ത കേരള കുടിയാന്‍ സംഘം എന്ന ഒരു സംഘടനയും രൂപം കൊണ്ടു. കൃഷിക്കാരുടെ കടങ്ങള്‍ ഈടാക്കാനുള്ള കോടതിനടപടികള്‍ ആറു മാസത്തേക്ക്‌ നിര്‍ത്തിവയ്‌ക്കുന്ന ഒരു വിളംബരം പുറപ്പെടുവിക്കാന്‍ കൊച്ചി ഗവണ്‍മെന്റ്‌ നിര്‍ബന്ധിതമായി.

1933ല്‍ തിരുവിതാംകൂര്‍ നിയമസഭ ജന്മിക്കരം സെറ്റില്‍മെന്റ്‌ ബില്‍ പാസ്സാക്കുകയും മഹാരാജാവ്‌ അതിന്‌ അനുമതി നല്‌കുകയും ചെയ്‌തു. ഈ നിയമപ്രകാരം ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധം എന്നന്നേക്കുമായി അവസാനിച്ചു. കുടിയാന്‍ ജന്മിക്കു കൊടുക്കേണ്ട എല്ലാ പിരിവുകളും നിര്‍ത്തലാക്കുകയും പകരം ഒരു നിശ്ചിത സംഖ്യ ജന്മിക്കരമായി കൊടുത്താല്‍ മതിയെന്ന്‌ വ്യവസ്ഥപ്പെടുത്തുകയും ആ സംഖ്യ കൃഷിക്കാരില്‍ നിന്നു പിരിച്ച്‌ ജന്മികള്‍ക്കു കൊടുക്കാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുകയും കുടിയാന്‍ കൈവശഭൂമിയുടെ ഉടമയായിത്തീരുകയും ചെയ്‌തു.

സ്വതന്ത്രമായ കര്‍ഷകപ്രസ്ഥാനവും സംഘടനയും

കേരളത്തില്‍ സ്വതന്ത്രവും സംഘടിതവുമായ ഒരു കര്‍ഷകപ്രസ്ഥാനം ആവിര്‍ഭവിക്കുന്നത്‌ 193034ലെ സിവില്‍ നിയമലംഘനപ്രസ്ഥാനത്തിനു ശേഷമാണ്‌. അതിന്‍െറ തുടക്കവും ഉത്തരകേരളത്തില്‍ നിന്നാണ്‌. ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകാരുമായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ ഇതിനു മുന്‍കൈ എടുത്തത്‌. അവരിലധികം പേരും പിന്നീട്‌ കമ്യൂണിസ്റ്റുകാരായി. വെറുമ്പാട്ടക്കുടിയാന്മാരും കുടികിടപ്പുകാരും കര്‍ഷകത്തൊഴിലാളികളുമായ നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളുടെ ഒരു പ്രസ്ഥാനവുമായിരുന്നു അത്‌. ജന്മിസമ്പ്രദായവും ഭൂപ്രഭുത്വവും നിശ്ശേഷമവസാനിപ്പിച്ച്‌ "കൃഷിഭൂമി കൃഷിക്കാര്‍'ക്കെന്ന മുദ്രാവാക്യം നടപ്പില്‍ വരുത്തുകയായിരുന്നു അതിന്റെ ലക്ഷ്യം.

1935ല്‍ പഴയ മലബാര്‍ ജില്ലയിലെ ചിറയ്‌ക്കല്‍ താലൂക്കിലാണ്‌ ആദ്യത്തെ കര്‍ഷകസംഘം, രൂപവത്‌കരിക്കപ്പെട്ടത്‌. താലൂക്കിലെ സര്‍വാധികാരികളായി വാണിരുന്ന ജന്മികളുടെ ക്രൂരമായ കര്‍ഷകദ്രാഹനടപടികള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ രീതിയിലാണ്‌ ഈ പുതിയ പ്രസ്ഥാനം വളര്‍ന്നത്‌. പാട്ടംവാരം അളക്കുന്നതിനുപയോഗിച്ച കള്ളപ്പറകള്‍ നിരോധിക്കുന്നതിനും ഒഴിപ്പിക്കല്‍ തടയുന്നതിനും അക്രമപ്പിരിവുകള്‍ നിര്‍ത്തലാക്കുന്നതിനും ജന്മികളുടെ നികുതി കുടിശ്ശികയ്‌ക്ക്‌ കുടിയാന്റെ വിളവ്‌ ജപ്‌തി ചെയ്യുന്നത്‌ തടയുന്നതിനും കൃഷിക്കാരോട്‌ അടിമകളോടെന്നപോലെ പൈശാചികമായി പെരുമാറുന്നത്‌ അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള ജാഥകളും യോഗങ്ങളും സംഘം സംഘടിപ്പിച്ചു.

1937ല്‍ അഖില മലബാര്‍ കര്‍ഷകസംഘം രൂപീകൃതമായി. മദ്രാസ്‌ സംസ്ഥാനത്തില്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ അക്രമപ്പിരിവുകള്‍ ജന്മികള്‍ക്ക്‌ കൊടുക്കുകയില്ലെന്ന്‌ കൃഷിക്കാര്‍ പ്രഖ്യാപിച്ചു. വെറുമ്പാട്ടക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയില്‍ സ്ഥിരാവകാശം നല്‌കുകയും മര്യാദപ്പാട്ടം നിജപ്പെടുത്തുകയും അക്രമപ്പിരിവുകള്‍ നിരോധിക്കുകയും ചെയ്യുന്ന ഒരു പുതിയ കുടിയാന്‍ നിയമത്തിനുവേണ്ടി മലബാറിലെങ്ങും പ്രക്ഷോഭം ആരംഭിച്ചു. തത്‌ഫലമായി കുടിയാന്‍ നിയമം ഭേദഗതിചെയ്യുന്നതിനെപ്പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ടു ചെയ്യാന്‍ ഒരു കമ്മിറ്റിയെ ഗവണ്‍മെന്റ്‌ നിയമിച്ചു. 1939ല്‍ കൃഷിക്കാരില്‍ നിന്നും ജന്മികളില്‍ നിന്നും മറ്റും തെളിവെടുക്കുന്നതിന്‌ കമ്മിറ്റി മലബാറില്‍ നടത്തിയ പര്യടനത്തെ കര്‍ഷകസംഘം ഒരു ബഹുജനപ്രസ്ഥാനമാക്കിമാറ്റി.

അതോടൊപ്പം കര്‍ഷകസംഘം കൃഷിക്കാരെ രാഷ്‌ട്രീയപ്രബുദ്ധരാക്കുകയും സ്വ-ാതന്ത്യ്രപ്രസ്ഥാനത്തിലേക്കും ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിലേക്കും ആകര്‍ഷിക്കുകയും ചെയ്‌തു. കൃഷിക്കാര്‍ക്കിടയില്‍ ഒരു സാംസ്‌കാരിക നവോത്ഥാനത്തിന്റെ വിത്തുകള്‍ പാകാനും സംഘം ശ്രദ്ധിച്ചു. കൃഷിക്കാരെയും സംഘം പ്രവര്‍ത്തകരെയും എഴുത്തും വായനയും പഠിപ്പിക്കാനുള്ള നിശാപാഠശാലകളും വായനശാലകളും സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. പഴയ നാടന്‍ പാട്ടുകളും ഗ്രാമീണകലകളും പുതിയൊരു ജീവിത ത്തിനുവേണ്ടിയ-ുള്ള സമരത്തിന്റെ ആയുധങ്ങളായി പുനരുദ്ധരിക്കപ്പെട്ടു. അക്കാലത്ത്‌ കര്‍ഷകസമ്മേളനങ്ങളില്‍ അഭിനയിക്കാന്‍ എഴുതിയ ഗദ്യനാടകമാണ്‌ പരേതനായ കെ. ദാമോദരന്റെ പാട്ടബാക്കി.

ഉത്തരകേരളത്തില്‍ കര്‍ഷകസംഘം വലിയൊരു സാമൂഹികരാഷ്‌ട്രീയശക്തിയായി വളര്‍ന്നു. 1939ല്‍ അഖില മലബാര്‍ കര്‍ഷകസംഘത്തിന്റെ മൂന്നാം സമ്മേളനം ചേര്‍ന്ന സമയത്ത്‌, അന്നത്തെ ചിറയ്‌ക്കല്‍, കോട്ടയം, കുറുമ്പ്രനാട്‌ താലൂക്കുകളില്‍ 183 പ്രാദേശിക സംഘങ്ങളും അവയിലെല്ലാംകൂടി 19,500ഓളം അംഗങ്ങളും ഉണ്ടായിരുന്നു. ഈ ശക്തി കണ്ട്‌ പരിഭ്രാന്തരായ ജന്മികളും പൊലീസും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പല അടവുകളും പ്രയോഗിച്ചു; സംഘം പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകളെടുത്തു. 1939ല്‍ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മര്‍ദനത്തിനു ശക്തി കൂടി; കര്‍ഷകസംഘത്തെ ഗവണ്‍മെന്റ്‌ നിരോധിച്ചു. എങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഗവണ്‍മെന്റിനു കഴിഞ്ഞില്ല.

രണ്ടാംലോകയുദ്ധകാലത്ത്‌

1939-41 കാലത്തെ ഉത്തരകേരളത്തിലെ കര്‍ഷകസമരങ്ങളുടെ കൂട്ടത്തില്‍ 1940 സെപ്‌.ലെ മൊറാഴ വിലക്കയറ്റ വിരുദ്ധസമ്മേളനവും 1941ലെ എള്ളെരിഞ്ഞി "പുനം' കൃഷിക്കാരുടെ സമരവും കയ്യൂര്‍സംഭവവും പ്രത്യേകം എടുത്തുപറയേണ്ടവയാണ്‌. ചിറയ്‌ക്കല്‍ കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പാപ്പിനിശ്ശേരിക്കടുത്തുള്ള മൊറാഴയില്‍ ചേര്‍ന്ന വിലക്കയറ്റ വിരുദ്ധ സമ്മേളനത്തെ പൊലീസ്‌ പെട്ടെന്നാക്രമിക്കുകയും തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഒരു സബ്‌ ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെടുകയും ചെയ്‌തു. അതിന്റെ പേരിലാണ്‌ കെ.പി.ആര്‍. ഗോപാലനെ തൂക്കിക്കൊല്ലാന്‍ വിധിച്ച മൊറാഴക്കേസ്സുണ്ടായത്‌ (പിന്നീട്‌ വധശിക്ഷ ജീവപര്യന്തം തടവ്‌ ആയി ചുരുക്കി). ചിറയ്‌ക്കല്‍ താലൂക്കിലെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ ജന്മികളുടെ വകയായ വനഭൂമിയില്‍ കൃഷി കൈയേറി "പുനംകൊത്തി'യതിനെത്തുടര്‍ന്ന്‌ എള്ളെരിഞ്ഞിയില്‍ ഭീകരമായ പൊലീസുമര്‍ദനം നടന്നു. കയ്യൂരില്‍ ഒരു പൊലീസുകാരന്‍ നീലേശ്വരം പുഴയില്‍ മരിച്ചതിന്റെ പേരില്‍ കര്‍ഷകസംഘം പ്രവര്‍ത്തകരായ നാലു ചെറുപ്പക്കാര്‍ തൂക്കിലേറ്റപ്പെട്ടു. നോ: കയ്യൂര്‍ സമരം കൊച്ചിയിലും തിരുവിതാംകൂറിലും കര്‍ഷകസംഘങ്ങള്‍ ആവിര്‍ഭവിച്ചത്‌ 1940കളിലാണ്‌. 1940ല്‍ രൂപവത്‌കരിക്കപ്പെട്ട കൊച്ചി കര്‍ഷക സഭ, ഗവണ്‍മെന്റ്‌ പ്രസിദ്ധീകരിച്ച വെറുമ്പാട്ട അടിയാന്‍ ബില്ലില്‍ കൃഷിക്കാര്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ തിരുവില്വാമലയില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ ഒരു കര്‍ഷകജാഥ സംഘടിപ്പിച്ചു. തിരുവിതാംകൂറില്‍ 1938ലെ ഉത്തരവാദഭരണസമരത്തിന്റെ ആവേശത്തില്‍ കൂത്താട്ടുകുളം, പൂഞ്ഞാര്‍ പ്രദേശങ്ങളില്‍ ഇടവകഭൂമിയിലെ കുടിയാന്മാര്‍ സ്ഥിരാവകാശത്തിനുവേണ്ടി ശക്തിയായ പ്രക്ഷോഭം നടത്തി. പൂഞ്ഞാറില്‍ ചേര്‍ന്ന കര്‍ഷക സമ്മേളനത്തില്‍ വച്ചാണ്‌ (1943) തിരുവിതാംകൂര്‍ കര്‍ഷകസംഘം രൂപീകരിച്ചത്‌.

1941ല്‍ ഹിറ്റ്‌ലര്‍ സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെ, യുദ്ധം ഫാഷിസത്തിനെതിരായി മാറി. യു.എസും ബ്രിട്ടനും യു.എസ്‌.എസ്‌.ആറിന്റെ സഖ്യശക്തികളായി. 1942 മുതല്‍ കര്‍ഷക പ്രസ്ഥാനത്തിന്‌ കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്യ്രം കിട്ടി. കേരളത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായി. വിലക്കയറ്റവും പട്ടിണിയും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചു. തരിശുഭൂമിയെല്ലാം കൃഷിചെയ്‌തു ഭക്ഷ്യോത്‌പാദനം വര്‍ധിപ്പിക്കണമെന്നും ഭൂവുടമകളില്‍ നിന്ന്‌ മിച്ച നെല്ല്‌ പിടിച്ചെടുത്ത്‌ റേഷനടിസ്ഥാനത്തില്‍ വിതരണം ചെയ്യണമെന്നും കര്‍ഷകസംഘം ആവശ്യപ്പെട്ടു. കര്‍ഷകസംഘവും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും മറ്റു ദേശാഭിമാനികളും ചേര്‍ന്ന്‌ ഭക്ഷണക്കമ്മിറ്റികള്‍ രൂപീകരിച്ച്‌ കച്ചവടക്കാരുടെ സഹായത്തോടെ അനൗദ്യോഗിക റേഷനിങ്‌ ഏര്‍പ്പെടുത്തി. മലബാറിലെ നിരവധി വില്ലേജുകളിലേക്ക്‌ ഈ പ്രസ്ഥാനം വ്യാപിച്ചു.

ജന്മികളുടെയും ഗവണ്‍മെന്റിന്റെയും വകയായ തരിശുഭൂമി കഴിയുമെങ്കില്‍ പതിച്ചുവാങ്ങിയും അല്ലെങ്കില്‍ കൈയേറിയും കൃഷിചെയ്യാന്‍ കര്‍ഷകസംഘം തീരുമാനിച്ചു. കുറുമ്പ്രനാട്ടിലെ കൂത്താളി എസ്‌റ്റേറ്റും ചിറയ്‌ക്കല്‍ താലൂക്കിലെ മാങ്ങാട്ടുപറമ്പും മറ്റും കൃഷിക്കാര്‍ കൈയേറി. കൃഷിക്കാര്‍ക്കെതിരായി അധികൃതര്‍ മര്‍ദനം അഴിച്ചുവിട്ടു. കൊച്ചിയില്‍ ആനമലയില്‍ പരിയാരം വില്ലേജില്‍ സംഘടിതരായ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും സര്‍ക്കാരില്‍ നിന്ന്‌ ഭൂമി പതിച്ചു വാങ്ങി കൂട്ടുകൃഷി സഹകരണസംഘങ്ങള്‍ രൂപീകരിച്ച്‌ മാതൃകാപരമായി കൃഷി ചെയ്‌തു.

അധികാരക്കൈമാറ്റത്തിനു തൊട്ടുമുമ്പ്‌

യുദ്ധം ഫാഷിസ്റ്റ്‌ വിരുദ്ധസഖ്യശക്തികളുടെ വിജയത്തില്‍ അവസാനിച്ചു. ഇന്ത്യയില്‍ കേന്ദ്രസംസ്ഥാനനിയമസഭകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിജയിച്ചു. കേന്ദ്രത്തില്‍ പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഒരു ഇടക്കാല ഗവണ്‍മെന്റും മദ്രാസുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ ഗവണ്‍മെന്റുകളും അധികാരത്തില്‍ വന്നു. എങ്കിലും ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കരിഞ്ചന്തയ്‌ക്കും ശമനമുണ്ടായില്ല.

മലബാറില്‍ നെല്ലെടുപ്പിന്റെയും അരിവിതരണത്തിന്റെയും ചുമതല വഹിക്കാന്‍ "ഉത്‌പാദകരുടെയും ഉപഭോക്താക്കളുടെയും സഹകരണസംഘങ്ങള്‍' (പി.സി.സി. സൊസൈറ്റികള്‍) സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കരിഞ്ചന്ത ഫലപ്രദമായി തടയാനും ഭക്ഷ്യോത്‌പാദനം വര്‍ധിപ്പിക്കാനും കുടിയാന്മാര്‍ പാട്ടമായി കൊടുക്കുന്ന നെല്ല്‌ നേരിട്ടു സൊസൈറ്റികളില്‍ അളക്കാന്‍ വ്യവസ്ഥ ചെയ്യാനും എല്ലാ തരിശുഭൂമിയും കൃഷിക്കാര്‍ക്ക്‌ പതിച്ചുകൊടുക്കാനും 1946ല്‍ കര്‍ഷകപ്രസ്ഥാനം ആവശ്യപ്പെട്ടു. ഗവണ്‍മെന്റ്‌ ഇതിനു നടപടികളെടുത്തില്ലെങ്കില്‍, കൃഷിക്കാര്‍ അവ നേരിട്ടു നടപ്പിലാക്കുമെന്നും സംഘം പ്രഖ്യാപിച്ചു. അങ്ങനെയാണ്‌ ചിറയ്‌ക്കല്‍ താലൂക്കിലെ കരിവെള്ളൂരില്‍ ജന്മി കടത്തിക്കൊണ്ടുപോകാന്‍ പുറപ്പെട്ട പാട്ടനെല്ല്‌ കൃഷിക്കാരും നാട്ടുകാരുംകൂടി തടഞ്ഞതും ഇരിക്കൂറില്‍ "പുനം' കൃഷിക്ക്‌ ഭൂമി കിട്ടാനുള്ള സമരം വീണ്ടും തുടങ്ങിയതും. രണ്ടു സ്ഥലത്തും സായുധ പൊലീസ്‌ വന്നു; വെടിവച്ചു. കരിവെള്ളൂരില്‍ രണ്ടുപേരും കാവുമ്പായിയില്‍ അഞ്ചുപേരും കൊല്ലപ്പെട്ടു. നോ: കരിവെള്ളൂര്‍ സമരം ഈ കാലഘട്ടത്തില്‍ ശ്രദ്ധേയമായ സംഭവവികാസം കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ സംഘടന ഉയര്‍ന്നുവന്നതും, കൊച്ചിയില്‍ കൃഷിക്കാര്‍ കൂടിയായ ചെത്തുതൊഴിലാളികള്‍ സംഘടിച്ച്‌ സമരരംഗത്തിറങ്ങിയതുമാണ്‌. ഇവ രണ്ടും കര്‍ഷകപ്രസ്ഥാനത്തിനു വ്യാപ്‌തി കൂട്ടി. കര്‍ഷകത്തൊഴിലാളികളും ചെത്തു തൊഴിലാളികളും ആദ്യമായി സംഘടനകളുണ്ടാക്കി, മനുഷ്യരെപ്പോലെ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശങ്ങള്‍ക്ക്‌ വേണ്ടി പോരാടാന്‍ തുടങ്ങി.

ഗ്രാമങ്ങളില്‍ കൃഷിപ്പണിയിലും മറ്റും ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികളും പട്ടണങ്ങളിലെ വ്യവസായത്തൊഴിലാളികളും സംഘടിക്കുകയും കൈകോര്‍ത്തു പിടിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ 1946 ഒല്‍ പുന്നപ്രവയലാര്‍ സമരം നടന്നത്‌. നോ: പുന്നപ്രവയലാര്‍സമരം

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം

1947 ആഗ. 15നു ഇന്ത്യയ്‌ക്ക്‌ രാഷ്‌ട്രീയ സ്വാതന്ത്യ്രം ലഭിക്കുന്നതിനു മുമ്പു തന്നെ കൊച്ചിയില്‍ ഉത്തരവാദഭരണം നടപ്പില്‍ വന്നിരുന്നു. 1948 ജനു.ല്‍ തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശമനുസരിച്ച്‌ തെരഞ്ഞെടുപ്പു നടക്കുകയും നിയമസഭയോടുത്തരവാദപ്പെട്ട ആദ്യത്തെ മന്ത്രിസഭ അധികാരത്തില്‍ വരുകയും ചെയ്‌തു. ഈ വമ്പിച്ച മാറ്റത്തില്‍ ഒന്നര നൂറ്റാണ്ടിലധികം നീണ്ടു നിന്ന കേരളത്തിലെ കൃഷിക്കാരുടെ നാനാരൂപത്തിലുള്ള പ്രസ്ഥാനങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിച്ചിട്ടുണ്ട്‌.

എന്നാല്‍ സ്വാതന്ത്യ്രലബ്‌ധിയുടെയും ഉത്തരവാദഭരണത്തിന്റെയും ഫലങ്ങള്‍ കൃഷിക്കാര്‍ക്ക്‌ വേണ്ടത്ര അനുഭവവേദ്യമായില്ല. പുതിയ ഭരണാധികാരികള്‍ കാര്‍ഷിക പരിഷ്‌കാരങ്ങളെപ്പറ്റി മൗനം ഭജിച്ചതേയുള്ളു; ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനോ കരിഞ്ചന്ത തടയുന്നതിനോ നടപടികളൊന്നുമുണ്ടായില്ല. ഇതിനെത്തുടര്‍ന്ന്‌ സംഘടിതരായ കൃഷിക്കാര്‍ സമരം തുടരാന്‍ നിര്‍ബന്ധിതരായി. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതാക്കന്മാര്‍ക്കെതിരായി ഗവണ്‍മെന്റ്‌ മര്‍ദന നടപടികള്‍ ആരംഭിച്ചു. മലബാര്‍ കിസാന്‍ സംഘത്തെയും കുട്ടനാട്‌ കര്‍ഷകത്തൊഴിലാളി യൂണിയനെയും നിരോധിച്ചു. വടക്കേ മലബാറില്‍ നടന്ന വെടിവയ്‌പുകളില്‍ നിരവധി കര്‍ഷകസംഘ പ്രവര്‍ത്തകരും സാധാരണ കൃഷിക്കാരും മരണമടഞ്ഞു.

പ്രക്ഷോഭങ്ങളും സമരങ്ങളും വിജയങ്ങളും

1950 ജനു. 26നു ഇന്ത്യ ഒരു റിപ്പബ്ലിക്കായിത്തീരുകയും പുതിയ ഭരണഘടനയിന്‍കീഴില്‍ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്‌തതോടെ സ്ഥിതിയില്‍ മാറ്റം വന്നു. മലബാര്‍ കിസാന്‍ സംഘത്തിന്‌ പ്രവര്‍ത്തനസ്വാതന്ത്യ്രം തിരിച്ചുകിട്ടി. കേരളത്തില്‍ 195152ലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തി തെളിയിച്ചു.

മലബാര്‍ ജില്ലയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കിസാന്‍ മസ്‌ദൂര്‍ പ്രജാപാര്‍ട്ടിയും യോജിച്ചുകൊണ്ടുള്ള ഐക്യമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തോടെ മദ്രാസ്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. തിരുകൊച്ചിയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ആര്‍.എസ്‌.പി.യും കെ.എസ്‌.പി.യും സ്വതന്ത്രന്മാരും ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷൈക്യമുന്നണി വിജയം കൈവരിച്ചു. ഈ രണ്ടു മുന്നണികളും തെരഞ്ഞെടുപ്പു പത്രികകളില്‍ കാര്‍ഷികപരിഷ്‌കാരങ്ങള്‍ക്കും കൃഷിക്കാരുടെ ആവശ്യങ്ങള്‍ക്കും പ്രമുഖമായ സ്ഥാനം നല്‌കിയിരുന്നു.

കുടിയാന്മാര്‍ക്കു കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കുക, മര്യാദപ്പാട്ടം നിശ്ചയിക്കുക, കാര്‍ഷികകടങ്ങളും പാട്ടബാക്കിയും റദ്ദാക്കുക, തരിശെല്ലാം കൃഷിക്കു വിട്ടുകൊടുക്കുക, ഒഴിപ്പിക്കല്‍ തടയുക എന്നീ ആവശ്യങ്ങളെ അടിസ്ഥാനമാക്കി മലബാര്‍ കിസാന്‍സംഘം വിപുലമായ ഒരു പ്രക്ഷോഭം ആരംഭിച്ചു. 1951ല്‍ മദ്രാസ്‌ ഗവണ്‍മെന്റ്‌ കൊണ്ടുവന്ന മലബാര്‍ കുടിയാന്‍ നിയമഭേദഗതിബില്ലില്‍ കൃഷിക്കാര്‍ക്കനുകൂലമായ ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ഒരു ഭീമഹര്‍ജിയില്‍ ഒന്നരലക്ഷം കൃഷിക്കാരുടെ ഒപ്പുകള്‍ ശേഖരിച്ച്‌ സംഘം പ്രതിനിധികള്‍ ഗവണ്‍മെന്റിന്‌ നിവേദനം നടത്തി. ഈ ഭേദഗതികള്‍ ഏറെക്കുറെ അംഗീകരിച്ചതുകൊണ്ടാണ്‌ 1954ല്‍ മദ്രാസ്‌ നിയമസഭ പ്രസ്‌തുത ബില്‍ പാസ്സാക്കിയത്‌.

1930ല്‍ നടപ്പില്‍ വന്ന മലബാര്‍ കുടിയാന്‍ നിയമത്തിനുശേഷം കാല്‍ നൂറ്റാണ്ടുകഴിഞ്ഞ്‌ മലബാറിലെ കൃഷിക്കാര്‍ക്ക്‌ ആശ്വാസം നല്‌കുന്ന ആദ്യത്തെ ഈ നിയമനിര്‍മാണം കര്‍ഷകപ്രസ്ഥാനത്തിന്റെ വിജയമായിരുന്നു. 1933ലെ ജന്മികുടിയാന്‍ റഗുലേഷനു ശേഷം തിരുകൊച്ചിയില്‍ 1954ലാണ്‌ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്കുള്ള ശ്രമം നടന്നത്‌. അല്‌പായുസ്സായ പി.എസ്‌.പി. ഗവണ്‍മെന്റ്‌ അവതരിപ്പിച്ചതും കുടികിടപ്പുകാര്‍ക്ക്‌ സ്ഥിരാവകാശം നല്‌കുന്നതും മര്യാദപ്പാട്ടം നിശ്‌ചയിക്കുന്നതും ചില പ്രത്യേകാവകാശങ്ങള്‍ പ്രതിഫലം കൊടുത്തവസാനിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ ബില്ലുകളായിരുന്നു അവ. ഈ ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു കൊണ്ടും എല്ലാ ഒഴിപ്പിക്കലുകളും ഉടന്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടും 1955 ജനു.ല്‍ തിരുകൊച്ചി കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരക്കണക്കിന്‌ കൃഷിക്കാര്‍ തിരുവനന്തപുരത്ത്‌ പ്രകടനം നടത്തി.

ഈ കാലത്താണ്‌ ഉത്തരകേരളത്തില്‍ ആദ്യമായി പാലക്കാട്‌ താലൂക്കില്‍ കര്‍ഷകത്തൊഴിലാളികള്‍ സ്വതന്ത്രമായി സംഘടിച്ചത്‌. ഭൂപ്രഭുക്കളുടെ മര്‍ദനത്തിനും സാമ്പത്തികചൂഷണത്തിനും കൂലികൊടുക്കാതെ വേല ചെയ്യിക്കുന്ന സമ്പ്രദായത്തിനും എതിരായും കൂലിക്കൂടുതലിനുവേണ്ടിയും അവര്‍ സമരരംഗത്തിറങ്ങി. കൂലിയില്ലാപ്പണി നിശ്ശേഷം നിര്‍ത്തലാക്കി. കൊയ്‌ത്തുപതം 17ല്‍ ഒന്നായിരുന്നത്‌ 11ല്‍ ഒന്നായി വര്‍ധിപ്പിച്ചു. തിരുകൊച്ചിയില്‍ വനഭൂമികളില്‍ കുടിയേറിപ്പാര്‍ത്തവരെ വന്‍തോതില്‍ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ ചെറുത്തുകൊണ്ട്‌ തിരുകൊച്ചി കര്‍ഷകസംഘിന്റെ നേതൃത്വത്തില്‍ മലയോരകര്‍ഷകര്‍ രംഗത്തു വന്നതും ഇക്കാലത്താണ്‌. അന്ന്‌ തിരുകൊച്ചിയില്‍ അഡ്വൈസര്‍ ഭരണമായിരുന്നു. വനത്തിന്റെ ഭദ്രതയ്‌ക്ക്‌ കോട്ടം തട്ടാത്തവിധം, വനഭൂമിയില്‍ കുടിയേറിപ്പാര്‍ത്ത്‌ കൃഷി ചെയ്യുന്നവരും മറ്റു ഭൂമിയൊന്നുമില്ലാത്തവരുമായ കൃഷിക്കാരെ ഒഴിപ്പിക്കില്ലെന്നു ഗവണ്‍മെന്റ്‌ സമ്മതിച്ചു.

കേരള സംസ്ഥാനം നിലവില്‍ വന്നതിനു ശേഷം

1956 ന. 1നു കേരള സ്റ്റേറ്റ്‌ നിലവില്‍ വന്നു. കര്‍ഷകപ്രസ്ഥാനമുള്‍പ്പെടെയുള്ള, പട്ടണത്തിലെയും നാട്ടിന്‍പുറത്തെയും പാവപ്പെട്ടവരുടെ, ജനാധിപത്യ പ്രസ്ഥാനത്തിന്റെ വമ്പിച്ച വിജയമായിരുന്നു അത്‌. മലബാറിലെയും തിരുകൊച്ചിയിലെയും കര്‍ഷക സംഘങ്ങള്‍ സംയോജിച്ച്‌ കേരള കര്‍ഷകസംഘം രൂപീകരിച്ചു.

1956 ഡി. അവസാനത്തില്‍ ഷൊര്‍ണ്ണൂരില്‍ വച്ച്‌ കൂടിയ കേരള കര്‍ഷകസംഘത്തിന്റെ ഒന്നാം സമ്മേളനത്തില്‍ സംഘത്തിലെ 1,34,000 അംഗങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1957 ഒ.ല്‍ ചേര്‍ന്ന രണ്ടാം സമ്മേളന(കാലടി)മായപ്പോഴേക്കും സംഘത്തിലെ അംഗസംഖ്യ 1,86,000 ആയി ഉയര്‍ന്നു.

1957 ഫെ.ല്‍ നടന്ന രണ്ടാം പൊതു തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും പാര്‍ട്ടിയോടൊപ്പം നിന്ന കക്ഷിരഹിതര്‍ക്കും കൂടി നിയമസഭയില്‍ ഭൂരിപക്ഷം കിട്ടി. പ്രധാനമായും കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ്‌ ആ വിജയത്തിന്‌ സംഭാവന നല്‌കിയത്‌. കേരളാസ്റ്റേറ്റിലെ ആദ്യത്തെ മന്ത്രിസഭ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളതായിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ കര്‍ഷകപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളും സജീവ പ്രവര്‍ത്തകരും നിയമസഭാംഗങ്ങളും മന്ത്രിമാരുമായി. കൃഷിക്കാര്‍ക്ക്‌ യഥാര്‍ഥത്തില്‍ ഭരണത്തില്‍ പങ്കാളിത്തം കിട്ടി.

ഈ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്ന ഉടനെ ഒഴിപ്പിക്കല്‍ നിരുപാധികം നിരോധിച്ചു. അടിസ്ഥാന ഭൂനികുതി മലബാറിലേക്ക്‌ കൂടി വ്യാപിപ്പിച്ചു; അങ്ങനെ ചെറുകര്‍ഷകരെ നികുതി ഭാരത്തില്‍ നിന്ന്‌ മോചിപ്പിച്ചു. കടാശ്വാസത്തിന്‌ നിയമനിര്‍മാണം കൊണ്ടുവന്നു. 1957 ഡി. 18നു കേരളത്തിനൊട്ടാകെ ബാധകവും ജന്മിഭൂപ്രഭുത്വ വ്യവസ്ഥ അവസാനിപ്പിക്കുന്നതും സമഗ്രവുമായ കേരള കാര്‍ഷിക ഭൂവുടമ ബന്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും ഹ്രസ്വമായ ചര്‍ച്ചയ്‌ക്കുശേഷം പൊതുജനാഭിപ്രായമറിയാന്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

1958 ജൂണ്‍ 10ന്‌ ആണ്‌ കേരള കാര്‍ഷിക പ്രസ്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായ കേരള കാര്‍ഷിക ബന്ധബില്‍ കേരള നിയമസഭ പാസ്സാക്കിയത്‌. എന്നാല്‍ അത്‌ നിയമമായില്ല. ബില്ല്‌ പാസ്സായിട്ട്‌ ഏഴാഴ്‌ചകള്‍ കഴിയുന്നതിനു മുമ്പ്‌, അത്‌ നിയമമായി നടപ്പില്‍ വരുന്നതിനെ തടയാന്‍ സ്ഥാപിതതാത്‌പര്യക്കാര്‍ ആരംഭിച്ച വിമോചനസമരത്തിന്റെ പേരില്‍, കേന്ദ്രഗവണ്‍മെന്റ്‌ ഇടപെട്ട്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിനെ പിരിച്ചു വിട്ടു. ഭൂവുടമകള്‍ക്കനുകൂലമായ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട്‌ പ്രസിഡന്റ്‌ ബില്ല്‌ മടക്കിയയച്ചു.

ഭേദഗതികള്‍ ഒന്നും കൂടാതെ ബില്‍ നിയമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കേരള കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നടത്തിയ കര്‍ഷക പ്രതിനിധികളുടെ കാല്‍നടജാഥയും തലസ്ഥാനത്തെ കര്‍ഷക പ്രകടനവും കൃഷിക്കാരുടെ സംഘടിത ശക്തി തെളിയിച്ചു. 1960 ജൂല. 5നായിരുന്നു അത്‌. 1961 ജനു.ല്‍ പുതിയ കേരള കാര്‍ഷികബന്ധനിയമം നടപ്പില്‍വന്നു. ജന്മിസമ്പ്രദായവും കുടിയായ്‌മയും പൂര്‍ണമായി അവസാനിപ്പിച്ചില്ലെങ്കിലും, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാതിരുന്ന സംരക്ഷണം ആ നിയമം കേരളത്തിലെ കൃഷിക്കാര്‍ക്ക്‌ നല്‌കി.

1967ലെ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു ഐക്യമുന്നണി ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നു. കൃഷിക്കാര്‍ക്കനുകൂലമായ ഭേദഗതികളുള്‍പ്പെടുത്തിക്കൊണ്ടും ജന്മികുടിയാന്‍ ബന്ധം അവസാനിപ്പിച്ചുകൊണ്ടുമുള്ള പുതിയ ഒരു ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം 1969 ഒ.ല്‍ നിയമസഭ പാസ്സാക്കി. ഇതിന്‌ പ്രസിഡന്റിന്റെ അംഗീകാരം കിട്ടി. 1970 ജനു. 1ന്‌ ഇത്‌ പ്രാബല്യത്തില്‍ വന്നു.

അങ്ങനെ കേരളത്തിലെ കര്‍ഷകപ്രസ്ഥാനം അതിന്റെ അടിസ്ഥാന സാമ്പത്തികലക്ഷ്യം നേടിയെന്നു പറയാം. ജന്മികളില്‍നിന്നും ഭൂപ്രഭുക്കളില്‍നിന്നും ഭൂമി പാട്ടത്തിനെടുത്ത്‌ കൃഷിചെയ്‌തിരുന്ന കുടിയാന്മാര്‍ ഭൂമിയുടെ ഉടമകളായി. പാട്ടം കൊടുക്കാനുള്ള ബാധ്യതയും പിരിക്കാനുള്ള അവകാശവും ഒരു ചരിത്ര വസ്‌തുത മാത്രമായി അവശേഷിച്ചു. കുടികിടപ്പുകാര്‍ക്ക്‌ അവരുടെ കുടിയിരിക്കുന്ന സ്ഥലം നാമമാത്രമായ വിലയ്‌ക്ക്‌ വാങ്ങാന്‍ സാധിച്ചു.

പരിധിയില്‍ കവിഞ്ഞ ഭൂമിയും പുറമ്പോക്കുഭൂമിയും കൃഷിക്കാര്‍ക്ക്‌ വിതരണം ചെയ്യാന്‍ തുടങ്ങി. 1971ല്‍ കേരളത്തിലെ സ്വകാര്യവനങ്ങളെല്ലാം പ്രതിഫലം കൊടുക്കാതെ സര്‍ക്കാര്‍ ഏറ്റെടുത്തു. 34,25,000 ത്തോളം കൃഷിക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഈ നടപടികള്‍ കൊണ്ടു ഗുണമുണ്ടായിട്ടുണ്ട്‌. 25,58,000ത്തില്‍പ്പരം ഏക്കര്‍ (10,35,990 ഹെ.) ഭൂമിയാണ്‌ ഇങ്ങനെ വലിയ ഭൂവുടമകളില്‍ നിന്ന്‌ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കൃഷിക്കാരിലേക്കും ഭൂരഹിതരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടത്‌.

(സി. ഉണ്ണിരാജ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍